സ്ഥാപന ചരിത്രം

             കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ ബാലുശ്ശേരി ബ്ലോക്കിൽ വരുന്ന ഗ്രാമപഞ്ചായത്താണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് നിലവില്‍ വന്നത് 1963-ല്‍ ആണ്. പഞ്ചായത്തിന്‍റെ വിസ്തീര്‍ണ്ണം 22.20 ചതുരശ്രകിലോമീറ്റര്‍ ആണ്. പഞ്ചായത്തിന്‍റെ അതിരുകള്‍ വടക്ക് നൊച്ചാട്, അരിക്കുളം പഞ്ചായത്തുകള്‍ ‍, കിഴക്ക് കോട്ടൂര്‍ പഞ്ചായത്ത്, തെക്ക് ഉള്ളിയേരി,അരിക്കുളം പഞ്ചായത്തുകള്‍ ,പടിഞ്ഞാറ് അരിക്കുളം പഞ്ചായത്തുമാണ്. യോഗീവര്യനായിരുന്ന നിത്യാനന്ദ സ്വാമികള്‍, മലബാറിലെ സാമൂഹിക ജീവിതത്തെ മനോഹരമായി ചിത്രീകരിക്കുന്ന മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖയുടെ കര്‍ത്താവ് ഒ.ചന്തു മേനോന്‍ എന്നിവര്‍ക്ക് ജന്മം നല്‍കിയതും നടുവണ്ണൂരാണ്. 1963 ല്‍ നിലവില്‍ വന്ന പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്നു മഠത്തില്‍ കുഞ്ഞിപ്പക്കി സാഹിബ്. കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് നടുവണ്ണൂര്‍. മലമ്പ്രദേശത്തു നിന്നും തീരസമതലത്തു നിന്നും ഏതാണ്ട് തുല്യ അകലത്തില്‍ സ്ഥിതി ചെയ്യുന്നു. വയലുകളാല്‍  ചുറ്റപ്പെട്ട കുന്നുകള്‍ നിറഞ്ഞ പ്രദേശമാണിത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് നേരിയ ചരിവുള്ളതായി കാണാന്‍ കഴിയും. കിഴക്കു ഭാഗത്തുള്ള വല്ലോറമല, ചോലമല എന്നീ പ്രദേശങ്ങളില്‍ നിന്നാണ് പഞ്ചായത്തിന്റെ തുടക്കം. വല്ലോറ മലയും ഏച്ചില്‍ മലയും പഞ്ചായത്തിലെ ഉയരം കൂടിയ 2 കുന്നുകളാണ്. ഇവ കൂടാതെ ഇരുവാട്ട് കുന്ന്, ചെങ്ങോട്ട് പാറ, അലേമ്പ്ര കുന്ന്, ഉടുമ്പ്രമല, പുല്‍പറക്കുന്ന്, മാപ്പറ്റക്കുന്ന് എന്നിവ പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശങ്ങളാണ്.പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടിയാണ് രാമപുഴ ഒഴുകുന്നത്.നെല്‍കൃഷിക്ക് പേരു കേട്ട വയലായിരുന്നു കൊയമ്പ്രം താഴെ വയല്‍. പാരമ്പര്യ വിത്തുകള്‍ ഉപയോഗിച്ചു വന്നിരുന്നു. സാഹസികരായ അമ്പെയ്ത്തുകാരുടേയും നായാട്ടുകാരുടേയും കാളയോട്ട മത്സരക്കാരുടെയും കേളീ രംഗമായിരുന്നു നടുവണ്ണൂര്‍ . അങ്കക്കളരിയും പറമ്പിന്‍കാടും പോയകാലങ്ങളിലെ കളരി അഭ്യാസങ്ങളുടെ കഥകള്‍ പറയുന്നുണ്ട്. കാവുന്തറയിലും മന്ദങ്കാവിലും നടുവണ്ണൂരിലും പേരുകേട്ട കളരികള്‍ മര്‍മ്മ ചികിത്സാകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. മികച്ച ചതുരംഗകളിക്കാരും ഗ്രാമപഞ്ചായത്തിലുണ്ടായിരുന്നു.  വിഭിന്നാചാരങ്ങളും വിശ്വാസങ്ങളും വച്ചു പുലര്‍ത്തുന്ന ജനവിഭാഗങ്ങളെ കോര്‍ത്തിണക്കുന്ന ഒരു മഹത്തായ സംസ്ക്കാരം പഞ്ചായത്തിനുണ്ട്. കര്‍ഷക സംസ്കൃതിയുമായി ബന്ധപ്പെട്ട കലാകായിക പ്രവര്‍ത്തനങ്ങളുടെ കേളീരംഗമായിരുന്നു നടുവണ്ണൂര്‍ ‍. ഇവിടെത്തെ കാളപ്പൂട്ടു മത്സരവും, കോഴിയങ്കവും പ്രസിദ്ധമായിരുന്നു.പലതരം നാടന്‍കലകളാല്‍ സമ്പന്നമാണ് ഈ ഗ്രാമം. തെയ്യം, തിറ, കോല്‍ക്കളി തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു.കുതിരക്കോലം, ദഫ്മുട്ട്, തുടങ്ങിയവയില്‍ പ്രഗത്ഭരായ കലാകാരന്‍മാര്‍ ഈ ഗ്രാമപഞ്ചായത്തിലുണ്ട്.