ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

ചരിത്രം


സാമൂഹ്യ ചരിത്രം


നടുവണ്ണൂര്‍ , കക്കഞ്ചേരി, കൊയക്കാട്, മന്ദങ്കാവ്, അയനിക്കാട് എന്നീ ദേശങ്ങള്‍ ഉള്‍ക്കൊണ്ടതാണ് പഴയ നടുവണ്ണൂര്‍ ദേശം. പിന്നീട് കൊയക്കാടും കക്കഞ്ചേരിയും ഉളളിയേരിയിലേക്ക് ചേരുകയും എലങ്കമല്‍  ‍, കാവില്‍ , കരുവണ്ണൂര്‍ എന്നീ ദേശങ്ങള്‍  ഉള്‍പ്പെടുന്ന കാവുന്തറ അംശം കൂടിച്ചേരുകയും ചെയ്തു. ബ്രിട്ടീഷ് ഇന്ത്യയില്‍ മലബാര്‍ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിന്‍റെ തലസ്ഥാനമായിരുന്ന ഇവിടെ അന്ന് പോലീസ് സ്റ്റേഷനും, തൂക്കുമരവും, ഹജൂര്‍ക്കച്ചേരിയും രജിസ്ട്രാഫീസും ഉണ്ടായിരുന്നതായി ചരിത്രരേഖകളുണ്ട്. മൂന്നാം മൈസൂര്‍ യൂദ്ധത്തിനു ശേഷം മലബാറിലെ സ്ഥിതിഗതികളെക്കുറിച്ച് പഠിക്കാനായി ഈസ്റ്റിന്ത്യാ കമ്പനി ഏര്‍പ്പെടുത്തിയ കമ്മീഷനിലെ പ്രധാനിയായിരുന്ന ഫ്രാന്‍സിസ് ബുക്കാനന്‍ താമരശ്ശേരിയില്‍ നിന്നും ഇവിടെ എത്തിയതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. വില്യം ലോഗന്‍ തന്‍റെ പ്രസിദ്ധമായ മലബാര്‍ മാന്വലില്‍ നടുവണ്ണൂരിലെ ആഴ്ചചന്തയെപ്പറ്റി വിശദീകരിക്കുന്നുണ്ട്. വെള്ളോട്ട് മുതല്‍ കാവുന്തറ റോഡു വരെയുള്ള പ്രദേശങ്ങളില്‍ തിങ്ങി കച്ചവടക്കാര്‍ നിറഞ്ഞിരുന്നു. ഫറോക്ക്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്നും കച്ചവടത്തിനായി ആളുകള്‍ വന്നിരുന്നു.നടുവണ്ണൂരിലെ മറ്റൊരു അംശമായ കാവിലിനും മഹത്തായ ചരിത്ര പാരമ്പര്യമുണ്ട്. ഗുരുദേവന്മാര്‍ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കി ആരാധിച്ചിരുന്നു. വലിയ ക്ഷേത്രവും ഇതിന്‍റെ പരിസരത്ത് നാലര സെന്‍റ് വിസ്തീര്‍ണ്ണമുള്ള ഒരു ആല്‍ത്തറയും ഉണ്ടായിരുന്നു. ഈ ആല്‍ത്തറ ജനകീയ സഭകളുടെ രംഗവേദിയായിരുന്നു. പടക്കൂട്ടവും, നാട്ടൂക്കൂട്ടവും ഇവിടെ ചേര്‍ന്നിരുന്നു. രാജകീയസന്ദേശങ്ങള്‍ വിളംബരം ചെയ്യപ്പെട്ടിരുന്നതും ഇവിടെ വച്ചായിരുന്നു. നന്താര്‍ക്കുടങ്ങളും ചെങ്കല്ലറകളും ഇവിടെ സുലഭമാണ്. കുലശേഖര രാജാവായിരുന്ന കോത കോത കേരള കേസരിയുടെ നാലാം ഭരണ വര്‍ഷത്തിലെ ഒരു ചരിത്രരേഖയായി മാറിയ ഒരു ശിലാഫലകവും ഇവിടെ നിന്നും കിട്ടിയിട്ടുണ്ട്. കേരള കേസരി എന്ന അഭിഷേക നാമത്തില്‍ അറിയപ്പെട്ട കോത കോത എന്ന രാജാവ് കൊടുങ്ങല്ലൂരില്‍ നിന്നും ഇവിടെ വന്നിരുന്നതായി അനുമാനിക്കുന്നു. ഇവിടെ നിന്നും ലഭിച്ച ശിലാലിഖിതങ്ങള്‍ ഇന്ന് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണ വിഷയമാണ്. 2000 വര്‍ഷം മുമ്പത്തെ ക്ഷേത്ര സങ്കേതങ്ങളെക്കുറിച്ച് വിവരം നല്‍കുന്നവയാണ് ഈ ശിലാലിഖിതങ്ങള്‍.നന്താനശ്ശേരി ക്ഷേത്രം നടുവണ്ണൂരിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.കേരളത്തിന്റെ ഐതിഹ്യപ്രസിദ്ധമായ 32 ഗ്രാമങ്ങളും ഉപഗ്രാമങ്ങളും സ്ഥാപിച്ച് അവയില്‍  ദേവസ്വവും ബ്രഹ്മസ്വവുമായി ഭാഗിക്കപ്പെട്ട നില കളുടെ മേല്‍നോട്ടമടങ്ങിയ ഊരായ്മ സ്ഥാനം വഹിച്ചു വന്ന ഗ്രാമിണികളായിരുന്നു കേരള ബ്രാഹ്മണര്‍ . ജന്മി സമ്പ്രദായത്തിന്റെ നമ്പൂതിരി ഊരായ്മയും നായര്‍ കാരായ്മയും, തിയ്യര്‍ (ഈഴവര്‍ ), വെള്ളാള്ളര്‍ , തച്ചര്‍ , മണ്ണാര്‍ തുടങ്ങിയ കുടിയായ്മയും പുലയരുടെ അടിയായ്മയും അടക്കമുള്ള സാമ്പത്തിക ഘടന ഈ ഊരുകളില്‍ ഉടലെടുത്തു. നടുവന്‍ ഊര് തര്‍ക്കങ്ങള്‍ക്ക് നടുവില്‍ നിന്ന് പ്രശ്നങ്ങള്‍ രമ്യമായി തീര്‍ക്കുന്ന കൂട്ടായ്മയുടെ പാരമ്പര്യം തന്നെയാണ് ഈ പ്രദേശത്തെ നടുവണ്ണൂരാക്കിയത്. കണ്ണമ്പാലത്തെരു ദേവീക്ഷേത്ര മഹോത്സവം പതിനായിരങ്ങളെ ആകര്‍ഷിക്കാറുണ്ട്. കിഴക്കോട്ട് കടവിലെ പള്ളി അതിപുരാതനമായ മുസ്ളിം പള്ളിയാണ്. ഇവിടെ ശ്മശാനവുമുണ്ട്.ഐതിഹ്യങ്ങളുമായി കെട്ടുപിണഞ്ഞതാണ് നടുവണ്ണൂരിന്റെ ചരിത്രം. വൈക്കം സത്യാഗ്രഹത്തിന്റെ അലയൊലികള്‍ നടുവണ്ണൂരിലുമുണ്ടായി. നന്താശ്ശേരിയിലെ പരമേശ്വരന്‍ മൂസ്സത്, അനുജന്‍ കൊച്ചുണ്ണി മൂസ്സത് എന്നിവര്‍ ഇതിന് നേതൃത്വം കൊടുത്തു. സവര്‍ണ്ണര്‍ മാത്രം ഉപയോഗിച്ചു വന്നിരുന്ന അമ്പലക്കുളത്തില്‍ ഹരിജന്‍ ബാലന്മാരെ മുക്കിക്കുളിപ്പിച്ച് കൊണ്ട് സാമൂഹ്യവിപ്ളവത്തിന് തിരി കൊളുത്തി.ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത നേതാവായിരുന്നു ഇടവനപ്പുറത്ത് ശങ്കരന്‍ നായര്‍ .1942-ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി 1871-ല്‍ നിലവില്‍ വന്ന രജിസ്ട്രാഫീസ് ചുട്ടുകരിക്കപ്പെട്ടു. ഇ.അനന്തന്‍ നായര്‍ ഇതിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ്. ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കെ.കേളപ്പന്‍ നടുവണ്ണൂരിലെ നിത്യസന്ദര്‍ശകനായിരുന്നു, ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് എ.കെ.ജി നന്താനശ്ശേരിയില്‍ അന്തിയുറങ്ങിയിട്ടുണ്ട്. ഭൂപരിഷ്കരണ നിയമം സാമൂഹ്യസാമ്പത്തിക ജീവിതത്തില്‍ വിപ്ളപകരമായ മാറ്റമാണ് വരുത്തിയത്.വിദ്യാഭ്യാസതല്‍പരമായ ഒരുകൂട്ടം നല്ല മനസ്സുകളുടെ ശ്രമഫലമായി 1950-ല്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സൌകര്യം നല്‍കിക്കൊണ്ട് നടുവണ്ണൂര്‍ ഹൈസ്കൂള്‍, വാകയാട് സ്ഥാപിതമായി.


വിദ്യാഭ്യാസചരിത്രം


പഴയ കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായിരുന്ന ഈ പഞ്ചായത്തില്‍ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ത്തന്നെ ആറോളം എഴുത്തുപള്ളികള്‍ പ്രവര്‍ത്തിച്ചിരുന്നു. എഴുത്തുപള്ളികള്‍  ഏകാധ്യാപക വിദ്യാലയങ്ങളായിരുന്നു. എഴുത്തുപള്ളികള്‍  വെച്ച് ആദ്യം അരിയിലും പിന്നീട് മണലിലും മലയാള ഭാഷയിലെ 51 അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. ഈ അക്ഷരങ്ങള്‍ തികച്ചും പഠിച്ചതിനുശേഷമെ ബഞ്ചിന്മേലിരിക്കാനുള്ള യോഗ്യത നേടിയിരുന്നുള്ളൂ.1957 ലെ മുണ്ടശ്ശേരിയുടെ വിദ്യഭ്യാസ ബില്ലോടുകൂടിയാണ് ഈ പഞ്ചായത്തില്‍ ഇന്നത്തെ രീതിയിലുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി എന്നീ തലങ്ങളില്‍ സ്കൂളുകള്‍ വിന്യസിക്കപ്പെടുന്നത്.നടുവണ്ണൂര്‍ പഞ്ചായത്തിലെ ധാരാളം ആളുകള്‍ പ്രൈമറി തലത്തില്‍ വിദ്യാഭ്യാസം ലഭിക്കുവാന്‍ മുഖ്യമായും ആശ്രയിച്ചിരുന്നത് തൊട്ടടുത്ത കോട്ടൂര്‍ പഞ്ചായത്തിലെ ഹയര്‍ എലിമെന്ററി സ്കൂളിനെയായിരുന്നു. സെക്കന്ററി വിദ്യാഭ്യാസം ലഭിക്കുവാന്‍ കൊയിലാണ്ടി ഗവ.ഹൈസ്കൂള്‍,പേരാമ്പ്ര ഹൈസ്കൂള്‍ എന്നീ സ്കൂളുകളെ മുഖ്യമായും  ആശ്രയിച്ചുവരുന്ന കാലത്താണ് 1950ല്‍ നടുവണ്ണൂര്‍ ഹൈസ്കൂള്‍ വാകയാട് സ്ഥാപിക്കപ്പെട്ടത്. ഇതോടെ നടുവണ്ണൂര്‍ , കോട്ടൂര്‍ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.


സാംസ്ക്കാരിക ചരിത്രം


1948 ല്‍ കാവുന്തറയില്‍ ഒരു പീടികമുറിയില്‍ ആരംഭിച്ച ഗാന്ധി സ്മാരകവായനശാല ആണ് ഇവിടുത്തെ ആദ്യത്തെ ഗ്രന്ഥാലയം.എഴുപതുകളില്‍ കലാമൂല്യങ്ങളുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സഹായകമായ വിധത്തില്‍ ഉപാസന ഫിലിം സൊസൈറ്റി നടുവണ്ണൂരിലുണ്ടായിരുന്നു. ലിബറിലിന്റെ സമുദായം എന്ന നാടകം സംഗീത-നാടക അക്കാദമി അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉല്പാദിപ്പിക്കുന്ന കാര്‍ഷിക-വ്യവസായിക ഉല്പന്നങ്ങളും, താലൂക്കിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒറ്റയ്ക്കും കൂട്ടായും ഉണ്ടാക്കിയ പായ, കയര്‍ , ചിരവ, കത്തി, മണ്‍പാത്രങ്ങള്‍,  തുണിത്തരങ്ങള്‍ തുടങ്ങിയ സാധാരണ ഗാര്‍ഹിക ജീവിതത്തിനാവശ്യമായ  ഒട്ടുമിക്ക വസ്തുക്കളും നടുവണ്ണൂര്‍ ചന്തയില്‍ കിട്ടുമായിരുന്നു. വെള്ളോട്ടു മുതല്‍ കാവുന്തറ റോഡ് വരെയുള്ള ഭാഗങ്ങളില്‍ സാധനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്ന കാഴ്ച നടുവണ്ണൂരിന്റെ നഷ്ടപ്രതാപത്തിന്റെ ഓര്‍മ്മ മാത്രമാണ്.നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ നടുവണ്ണൂരിലെ പാവുമുണ്ടിന്റെയും, വേഷ്ടിയുടെയും, മണ്‍പാത്രങ്ങളുടെയും ഗുണമേന്മ പ്രസിദ്ധമായിരുന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി ഇവിടെ ചകിരി തല്ലി ചൂടി പിരിക്കുന്ന കുടുംബങ്ങള്‍ വര്‍ദ്ധിച്ചു വന്നു.റോഡു ഗതാഗതം ഇന്നത്തെ രൂപത്തില്‍ വ്യാപിക്കുന്നതിനു മുന്‍പ് പഞ്ചായത്തിലെ ജനങ്ങള്‍ ജലഗതാഗതത്തിനാണ് മുന്‍തൂക്കം  നല്‍കിയിരുന്നത്. തെരുവത്ത് കടവു മുതല്‍ എലത്തൂര്‍ വരെയുള്ള ജലപാതയില്‍ ബോട്ടു സര്‍വ്വീസ് നിലവിലുണ്ടായിരുന്നു. അതുപോലെ കൊയിലാണ്ടി ഭാഗത്തേക്കുള്ള യാത്രക്കാരും രാമപുഴയെയാണ് ആശ്രയിച്ചിരുന്നത്. ഉള്ളിയേരി-പേരാമ്പ്ര സ്റ്റേറ്റ്  ഹൈവേ കഴിഞ്ഞാല്‍ പഞ്ചായത്തിലൂടെ കടന്നുപോവുന്ന ഏറ്റവും പഴയ റോഡാണ് നടുവണ്ണൂര്‍  ‍, കാവുന്തറ വഴി കടന്നു പോവുന്നത്. കച്ചവടത്തിനും മറ്റും വടകരയുമായി ബന്ധപ്പെടാന്‍ പഴയകാലത്ത് ഈ വഴി ഉപയോഗിച്ചിരുന്നു.